സ്ഥല നാമങ്ങൾ

അഴിയൂർ പഞ്ചായത്തിലെ പഴയ പറമ്പുകളും സ്ഥലനാമങ്ങളും

ചരിത്രത്തിലേക്കും പ്രാദേശിക സംസ്കൃതിയിലേക്കും ഒരു അന്വേഷണം

അഴിയൂർ പഞ്ചായത്തിലെ ഏതാനും പറമ്പുകളുടെ പഴയ പേരുകൾ താഴെ നൽകുന്നു. ഇതിൽ ചിലത് ഇന്നും പ്രദേശവാസികൾക്കിടയിൽ വിളിപ്പേരായി നിലനിൽക്കുന്നുണ്ട്. ഈ പ്രാചീനമായ പേരുകളുടെ ഉല്പത്തിയെപ്പറ്റി ഗവേഷണം നടത്താൻ താല്പര്യമുള്ളവർക്ക് ഈ വിവരങ്ങൾ ഏറെ സഹായകരമായിരിക്കും.

പഴയ പറമ്പുകളുടെയും നിലങ്ങളുടെയും പട്ടിക

അഴിയൂർ ദേശംതയ്യിൽ, മരുന്നറക്കൽ, വണ്ടിപേട്ടപറമ്പ്, അഞ്ചാംപീടിക പടിഞ്ഞാറെ പറമ്പ്, വെള്ളച്ചാൽ പറമ്പ്, ആറാം കണ്ടം, ചോമാപറമ്പ്, കരുവാക്കണ്ടി പറമ്പ്, പുനത്തിൽ, ചാത്തൻ ചിറ, വാണിയം കണ്ടി, കല്ലാട്ട് പറമ്പ്, കറപ്പയിൽ പറമ്പ്, രാമത്ത്, ചീനിക്കാം വെയിലിക്കകത്ത്, പോത്തിലോട്ട്, കോവുക്കൽ, പാറാട്ട് വയൽ അക്കൽ നടപ്പറമ്പ്, നെല്ലൂർവയൽ, നെയ്യൂർവയൽ, പുളിയേരികണ്ടി കോറോത്ത് പറമ്പ്, പാനിശ്ശേരി, കയനാടത്ത്, കുട്ടമ്പത്ത്, ഉരുപുറത്ത്, ചപ്പാരത്ത്, മേലായിക്കണ്ടി, എടവന, ചന്ദ്രോത്ത്, കല്ലേരിക്കুന്ന്, കേളോത്ത്, ഇത്തിക്കുഴി നിലം, മണപ്പുറംനിലം, മാക്കൂൽ നിലം, കുങ്കൻകുളം നഞ്ച (വയൽ), കോട്ടാമല, കക്കടവ്, മാനങ്കര, കടുവാനത്ത്, കോഴിമഠം ഇല്ലം, ഇല്ലത്ത് താഴ നിലം, വാഴയിൽ തിരുമംഗലത്ത്, തെരുവിങ്കൽ, കല്ലറോത്ത്, അരയാൽപറമ്പ്, കരിക്കാട്, ചാലിന്മേൽ, പുത്തലത്ത്, മുച്ചിലോട്ട്, മേലത്ത്, ചാത്തമ്പറമ്പത്ത്, വടക്കേട്ടിൽ, ചാമുണ്ടിവാതുക്കൽ, കരുവാരതോട്, അംശകച്ചേരി മൈതാനം (കച്ചേരിപറമ്പ്), കുതിരപന്തി, ചക്കമ്പത്ത്, രയരോത്ത്, കണ്ണമ്പള്ളി, പടിക്കുതാഴ, തരിപ്പയിൽ, ഉമ്മളേരി, എടത്തുംകണ്ടി, മുളവന, മുതുവന, മളങ്ങളോത്ത്, വേട്ടക്കരക്കുന്ന് പറമ്പ്, അനങ്ങാറത്ത്, അത്താണിക്കൽ, വെള്ളച്ചാലിൽ, ആനക്കുളം, കഴകപ്പുരയിൽ, ഇട്ടേൽ, അടിയേരി, കൊടുത്തോടി, കൊക്കേരി, ചാലയാട്ട്, കായംകുളങ്ങര, കൊല്ലറത്ത്, പുതിയെടത്ത്, കൊളക്കണ്ടി, കൊളാണ്ടി, മോനാച്ചി, വരേരി രാമത്ത്, പനനട (പനാട), മണ്ടോടി, കണ്ണോത്ത്, ചാത്തോത്ത്, തടത്തിൽ, കരുവോടി (കാരോടി), വെള്ളാത്ത്, ആറാട്ട് നട, പരിമഠം, വമ്മേരി, കണ്ണിപൊയിൽ, പോതിയോട്ടയിൽ വരയിൽ, പാരോത്ത്, അമ്പലത്തുംകണ്ടി, പാറേമ്മൽ, പുതുക്കൂടി, പുളിയാര, വട്ടപറമ്പ്, കരിക്കാട്ട്, കുന്നത്ത്, കപ്പക്കടവത്ത്, മരുന്നറക്കൽ, ചില്ലിപറമ്പ്, യോഗിമഠം, ചോയാടത്തിൽ വയൽപറമ്പ്, അരയാൽ പറമ്പ്
കല്ലാമല ദേശംപെരുമുണ്ടനിലം, ചോമവയൽ, കടായിക്കൽ നിലം, തമ്മന്തോടി നിലം, ആറാംകുണ്ടം, നാമങ്ങോളി, തെങ്ങും നടുക്കോത്ത്, മാവള്ളി, കല്ലാകൈനിലം, വലിയപള്ളിക്ക് വടക്കുഭാഗം അമ്പലപറമ്പ്, തേവർ പറമ്പ്, കരുവാരതോട്, അത്തോളി, പുന്നോളി, മാടംവെച്ചവയൽ, കുറിച്ചിക്കര, കുടക്കയിൽ തുരുത്തിപറമ്പ്, മണപ്പാട്ടിൽ, ഹനുമാരെകൈ, കുഴിപ്പള്ളി, കണ്ണംകൈ, കാവുങ്കൽ, പൊന്നങ്കണ്ടി
ചോമ്പാൽ ദേശംഎരിക്കിൽ, നടുച്ചാലിൽ, താവത്ത്, കാപ്പുഴക്കൽ, നാലകത്ത്, ചോമ്പങ്ങാടിപറമ്പ്, അഴിയിവളപ്പ്, കുഴിപ്പങ്ങാട് പള്ളിയിൽ അകവളപ്പ്, കാനവയൽ, കണ്ടപ്പംകുണ്ട്, മാണിക്കോത്ത്, ബാഗ്ലാവ്പറമ്പ്, കണ്ണമ്പ്രത്ത്, മുക്കൂടത്തിൽ കോഴിപ്പുറത്ത്, അയിക്കര, മാളിയക്കൽ, കണ്ടക്കൂട്ട, പാണ്ടികശാല വളപ്പ്, കടവത്ത്, മിന്നാട്ട്, കാളാണ്ടി, കോട്ടിക്കൊല്ലാൻ, മാരാംവീട് പറമ്പ്, കരുവാങ്കണ്ടി, മണ്ണിപൊയിൽ, കുവച്ചാലിൽ, മാപറമ്പ് എന്ന കൊയിലോത്ത് പറമ്പ്, പുളിഞ്ഞോളി, പള്ളിക്കുനി, തൊണ്ടിവയൽ, തളിപ്പറ്റതാഴ എന്ന കാളിയത്ത് താഴ, കാർത്തോളി, തണ്ണീർ പന്തലുള്ള പറമ്പ്, രയരോത്ത്, ചെറുവങ്ങാട്ട്, കുന്നോത്ത്, ആലാച്യത്ത്, മുണ്ട്യാട്, കാരക്കൽ, മുല്ലേരികുന്നത്ത്, വെങ്ങാട്ട്, ആറ്റുപാടി, മണലോടി, യോഗിപൊയിൽ, മാത്തിലെ പറമ്പ്, കോമത്ത്, പൊടിക്കളം, പീടികക്കണ്ടി, നാടപ്പന്റവിട, കുന്നുമ്പുറത്ത്, ഒസ്സാന്റെതയ്യിൽ

സ്ഥലനാമങ്ങളുടെ ഉല്പത്തിയെക്കുറിച്ചുള്ള അനുമാനങ്ങൾ

പുഴിത്തല

ഫ്രഞ്ച് രേഖകളിൽ 'പുത്രിയോർ' എന്നാണ് പൂഴിത്തലയെ വിളിച്ചിരുന്നത്. പൂഴി (മണൽ) പ്രദേശത്തിന്റെ അതിരായതിനാലായിരിക്കാം പൂഴിത്തല എന്ന പേര് ലഭിച്ചത്.

ചുങ്കം

ഒരു കാലത്ത് ഫ്രഞ്ച് അധീനതയിൽപ്പെട്ട സ്ഥലത്തുനിന്ന് ബ്രിട്ടീഷ് അധീനതയിൽപ്പെട്ട സ്ഥലത്തേക്ക് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചുങ്കംപിരിവ് നടത്തിവന്ന സ്ഥലമായതിനാലായിരിക്കാം ചുങ്കം എന്ന പേർ വന്നത്.

മൂന്നാം ഗെയിറ്റ്

മയ്യഴി റെയിൽവെ സ്റ്റേഷനിൽ നിന്ന് തെക്കോട്ട് ആദ്യകാലത്ത് മൂന്ന് ഗെയിറ്റുകൾ ഉണ്ടായിരുന്നു. അതിൽ മൂന്നാമത്തെ ഗെയിറ്റായതിനാലായിരിക്കാം ഈ സ്ഥലനാമം കിട്ടിയത്. (ഇപ്പോൾ ഇത് രണ്ടാമത്തെ ഗെയിറ്റ് ആണ്).

കപ്പക്കടവത്ത്

ഒരു കാലത്ത് കപ്പൽ അടുത്ത കടവായതിനാലായിരിക്കാം തീരപ്രദേശത്തെ ഈ പറമ്പിന് കപ്പക്കടവത്ത് എന്ന പേര് സിദ്ധിച്ചത്.

ചാപ്പയിൽ

കല്ലാമലയിലെ പാപ്പയിൽ എന്നത് പഴയ ഫ്രഞ്ച് രേഖകളിലെ 'ഷോപ്പയിൽ' (Chopaille) എന്ന പേര് ലോപിച്ചുണ്ടായതായിരിക്കാം.

ചോമ്പങ്ങാടി പറമ്പ്

'ചോമ്പാൽ അങ്ങാടി പറമ്പ്' എന്നത് ലോപിച്ചാണ് ചോമ്പങ്ങാടി പറമ്പായി മാറിയത്.

മുക്കാളി

തട്ടോളിക്കര, കണ്ണൂക്കര, ചോമ്പാൽ എന്നീ മൂന്നു പ്രദേശങ്ങളുടെ മദ്ധ്യത്തിലായി കിടക്കുന്ന കവല പ്രദേശം എന്ന അർത്ഥത്തിൽ 'മുക്ക് കവല' എന്നത് ലോപിച്ച് മുക്കാളിയായതാണെന്ന് ഒരഭിപ്രായമുണ്ട്. അതല്ല, പ്രാചീനകാലത്തുണ്ടായിരുന്ന മൂന്ന് കാളീക്ഷേത്രങ്ങളുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായതിനാലാണ് ഈ പേര് വന്നതെന്നും കരുതപ്പെടുന്നു.

ചിറയിൽപീടിക

അതിപ്രാചീനകാലത്ത് ഈ ഭാഗത്തുണ്ടായിരുന്ന ക്ഷേത്രത്തിന് വലിയൊരു ചിറ ഉണ്ടായിരുന്നു (ഇന്നത്തെ ചിറയിൽ പീടിക റെയിൽവെ ഗെയിറ്റിന് കിഴക്കുവശത്ത്). പിന്നീട് ഈ ചിറ നികന്നുപോവുകയും, അക്കാലത്ത് ഈ ചിറയുടെ അരികിലായി ഏതാനും പീടികകൾ (കടകൾ) ഉണ്ടാവുകയും ചെയ്തതുകൊണ്ട് ചിറയിൽ പീടിക എന്ന പേര് വന്നു. ഇന്നും ഇവിടുത്തെ പറമ്പുകൾക്കും വീടുകൾക്കും 'ചിറയിൽ' എന്ന പേരുണ്ട്.

കുഞ്ഞിപ്പള്ളി

മുസ്ലീം സമുദായത്തിന്റെ അധിവാസകേന്ദ്രമായിരുന്ന ചോമ്പാലിൽ പണ്ടുകാലത്ത് മാളികപ്പള്ളി, കുഴിപ്പള്ളി, കുഞ്ഞിപ്പള്ളി തുടങ്ങിയ പള്ളികൾ ഉണ്ടായിരുന്നു. കാലാന്തരത്തിൽ മാളികപ്പള്ളിയും കുഴിപ്പള്ളിയും നാമവശേഷമാവുകയും കുഞ്ഞിപ്പള്ളി മാത്രം അവശേഷിക്കുകയും ചെയ്തു. ഇന്ന് ഈ പള്ളി വലിയൊരു ജുമാഅത്ത് പള്ളിയായി രൂപം പ്രാപിച്ചിട്ടുണ്ട്.

കുതിരപന്തി & കോമത്ത്കോവിലകം

പഴയകാലത്ത് രാജാക്കന്മാരുടെ കുതിരകളെ കെട്ടിയിരുന്ന പറമ്പായതിനാലാണ് കുതിരപന്തി എന്ന പേര് വന്നത്. ഇതിന് തെക്ക് കിഴക്കായുള്ള കോമത്ത് കോവിലകം എന്ന പറമ്പ് പഴയകാലത്ത് കടത്തനാട്ട് രാജാക്കന്മാരുടെ ഇടത്താവളമായിരുന്നു.

ഊട്ടുപുര

അഴിയൂർ പരദേവതാ ക്ഷേത്രം പാഠാളിയുടെ ചുമതലയിൽ കടത്തനാട്ട് രാജാവ് ബ്രാഹ്മണർക്കും ഗോസായിമാർക്കും സൗജന്യമായി ഭക്ഷണം കൊടുത്തിരുന്ന സ്ഥലമായതിനാലാണ് ഈ പേര് വന്നത്. അവർക്ക് കുളിക്കാനായി വലിയൊരു ക്ഷേത്രചിറയും ഇതിന് മുന്നിലുണ്ട്.

മനയിൽ & കണ്ണമ്പള്ളി

ആഢ്യബ്രാഹ്മണർ താമസിക്കുന്ന വീടുകളാണ് മന എന്നറിയപ്പെടുന്നത്. പണ്ടവിടെ ബ്രാഹ്മണർ താമസിച്ചതിനാലാകാം മനയിൽ എന്ന പേര് വന്നത്. അഴിയൂരിലെ 15-ാം നൂറ്റാണ്ടിലെ ദേശവാഴികളായ കണ്ണമ്പള്ളി നമ്പൂതിരി താമസിച്ച മനയാണ് കണ്ണമ്പള്ളി. ആയഞ്ചേരി തറവാട്ടിലെ ഒരു സ്ത്രീയെയായിരുന്നു അദ്ദേഹം സംബന്ധം ചെയ്തിരുന്നത്.

പടിക്കുതാഴെ

കണ്ണമ്പള്ളി മനയുടെ പടിപ്പുരയ്ക്ക് താഴെയുള്ള പറമ്പിനാണ് (ഇന്നത്തെ ശാന്തിയിൽ എന്ന വീടു മുതൽ അഴിയൂർ ക്ഷേത്രചിറയുടെ കരയിലെ ആൽമരം വരെ) പടിക്കുതാഴെ എന്ന് പറയുന്നത്. ഈ പറമ്പിന്റെ തെക്കെ അറ്റത്താണ് അഴിയൂർ പഞ്ചായത്തിലെ 7-ാം നമ്പർ മാതൃകാ അംഗൻവാടി സ്ഥിതി ചെയ്യുന്നത്.

കോവുക്കൽ കുന്നിയൂര്

'കല്ലാമല കോവിലകം' ലോപിച്ച് കല്ലാകൊയിലോത്ത് ആയതാണ്. കുട്ടമത്ത് കുന്നിയൂര് കുടുംബത്തിന്റെ സ്ഥാപകനായ ഉണിചിണ്ടക്കുറുപ്പ് അന്യം നിന്നുപോയ ഒരു തൂവാടൽ കുറുപ്പിന്റെ കല്ലാമലയിലേയും അഴിയൂരിലെയും ഭൂസ്വത്തുക്കൾ കടത്തനാട്ട് തമ്പുരാന്റെ സഹായത്തോടെ തിരിച്ചെടുക്കുകയും, 1800-നോടടുത്ത് ജന്മി അവകാശങ്ങളോടെ കല്ലാമലയിൽ കോവുക്കൽ കുന്നിയൂർ തറവാട് സ്ഥാപിക്കുകയും ചെയ്തു.

മഠപ്പറമ്പത്ത്

രാവാരി നായന്മാരുടെയും യോഗി ഗുരുക്കന്മാരുടെയും വീടുകൾക്ക് 'മഠം' എന്ന് പറഞ്ഞിരുന്നു. ഇത് ലോപിച്ചാണ് മാപറമ്പ്, ചോയിമഠം (ചോയാടത്തിൽ) എന്നൊക്കെ രൂപപ്പെട്ടത്.

മറ്റു പ്രധാന സ്ഥലങ്ങൾ

ആറ്റോടി (ആറ്റ്വാടി): ആറിന് (പുഴയ്ക്ക്) കരയിലുള്ള പറമ്പ് എന്ന അർത്ഥത്തിൽ.
ആവിക്കര (ആയിക്കര): കാപ്പുഴയുടെയും അഴിയുടെയും തീരത്തുള്ള പ്രദേശം എന്ന അർത്ഥത്തിൽ ലോപിച്ച് ഉണ്ടായത്.
അത്താണിക്കൽ: പണ്ടുകാലത്ത് ചുമട് താങ്ങികളായ അത്താണികൾ നിലനിന്നിരുന്ന സ്ഥലം.
തൊണ്ടിവയൽ: പുഴ നികന്നുണ്ടായ വയലുകൾ.
കച്ചേരിപറമ്പ്: പഴയ കാലത്ത് ഏതോ സർക്കാർ കച്ചേരി (ഓഫീസ്) സ്ഥിതി ചെയ്തിരുന്ന ഇടം.
പാണ്ടികശാലവളപ്പ്: വിദേശികൾ കച്ചവടത്തിനായി പാണ്ടികശാലകൾ (Warehouse) കെട്ടിയ സ്ഥലം.
കണ്ടക്കൂട് & കണ്ടപ്പംകുണ്ട്: പഴയ ചോമ്പാൽ ലഗൂണിൽ കണ്ടൽകാടുകൾ വളർന്നുനിന്ന ചതുപ്പ് പ്രദേശങ്ങൾ.

സഖാവ് ഇ.എം.എസ് ഒളിവിൽ കഴിഞ്ഞ 'കാരോത്ത്'

അഴിയൂരിലെ തിരുമംഗലത്ത് കാഞ്ഞിരാടൽ കുറുപ്പന്മാരുടെ അഞ്ച് താവഴികളിൽ ഒന്നാണ് കാരോത്ത്. ദേശീയപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ കോൺഗ്രസ്സ് നേതാവ് ടി.സി. ഗോപിക്കുറുപ്പ്, കമ്മ്യൂണിസ്റ്റ് നേതാവ് ടി.സി. നാരായണക്കുറുപ്പ് എന്നിവരുടെ ജന്മഗൃഹമാണിത്. ഭാരത സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച കാലഘട്ടത്തിൽ കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് മാസങ്ങളോളം ഈ വീട്ടിലാണ് ഒളിവിൽ താമസിച്ചിരുന്നത്. എ.കെ.ഗോപാലൻ, സി.എച്ച്. കണാരൻ തുടങ്ങിയ ജനനായകർക്കും ഈ വീട് ഏറെ സുപരിചിതമായിരുന്നു.

അങ്ങാടികളുടെ വികാസവും പഴയകാല വ്യാപാരികളും

ഒരു കാലഘട്ടത്തിൽ വിദേശരാജ്യങ്ങൾക്ക് പോലും പ്രിയങ്കരമായിരുന്ന ചോമ്പാൽ കൊപ്രയുടെ പ്രധാന കച്ചവടകേന്ദ്രമായിരുന്നു കുഞ്ഞിപ്പള്ളി പരിസരം. ഈ വാണിജ്യകേന്ദ്രത്തിന്റെ തിരോധാനത്തിനുശേഷം അഴിയൂർ പഞ്ചായത്തിൽ പഴയകാലത്ത് മയ്യഴി റെയിൽവെ സ്റ്റേഷൻ പരിസരം, പൂഴിത്തല, ചുങ്കം (അഞ്ചാം പീടിക), ചിറയിൽ പീടിക, മുക്കാളി എന്നിവിടങ്ങളിൽ മാത്രമേ ചെറിയ അങ്ങാടികൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് കുഞ്ഞിപ്പള്ളി പരിസരം വീണ്ടും പഴയ പ്രതാപത്തോടെ അഴിയൂരിലെ ഏറ്റവും തിരക്കേറിയ അങ്ങാടിയായി മാറി എന്നത് ചോമ്പാൽ അങ്ങാടിയുടെ പുനർജനിയെ ഓർമ്മിപ്പിക്കുന്നു.

റെയിൽവെ സ്റ്റേഷൻ പരിസരം അങ്ങാടി

ഒരു കാലത്ത് അഴിയൂരിന്റെ സാംസ്കാരിക കേന്ദ്രമായിരുന്ന ഇവിടെ 'ചോയീസ് ബേക്കറി'യും ചായക്കടയും പ്രശസ്തമായിരുന്നു. കുനിയിൽ കുഞ്ഞാണ്ടി നായർ, മന്ദന്റെ വളപ്പിൽ കണാരൻ, പാനിശ്ശേരി കണാരൻ, കുഞ്ഞിരാമമൂപ്പർ, കുണ്ടിയിൽ കുഞ്ഞിരാമൻ, ജ. മൊയ്തു, വഞ്ചേരി കുമാരൻ, കുണാരി, ജ. കൊളാണ്ടി മൂസ്സ, ജ. മാണിക്കോത്ത് അബൂബക്കർ, അപ്പുണ്ണിനായർ, രാമോട്ടി, വാസൂട്ടി, അച്ചുതൻ വൈദ്യർ എന്നിവരുടെ കടകൾ ഈ അങ്ങാടിയുടെ ഐശ്വര്യമായിരുന്നു.

അഴിയൂർ ചുങ്കം അങ്ങാടി

ശ്രീ കേളോത്ത് കേളുക്കുറുപ്പിന്റെ പാണ്ടികശാലയ്ക്കൊപ്പം പി.കെ. സാമിക്കുട്ടി, പി.കെ. കുഞ്ഞാണ്ടി, ടി.പി കുമാരൻ, തലക്കൽ എൻ. GOപാലൻ, കുഞ്ഞിക്കണ്ണൻ എന്നിവരുടെ കടകളും, ടി.പി. കുഞ്ഞികൃഷ്ണൻ, കെ.കെ. ആണ്ടി, എം.എം. അനന്തൻ എന്നിവരുടെ ചായക്കടകളും ഈ അങ്ങാടിക്ക് വലിയ തലയെടുപ്പ് നൽകിയിരുന്നു.

മുക്കാളി അങ്ങാടിയും മീൻചാപ്പയും

സ്വാതന്ത്ര്യസമര ചരിത്രമുറങ്ങുന്ന മുക്കാളി അങ്ങാടിയെ സജീവമാക്കിയവരിൽ ഒളവിൽ ചോയി, പി.കെ. കണാരൻ, എം.ആർ.എസ്സ്. കണാരൻ, ജ.വീരോളി മമ്മു, ചന്തൻ വൈദ്യർ, കണ്ണൻ മൂപ്പർ (കാപ്പിക്കട) എന്നിവർ പ്രധാനികളാണ്. ഇവിടുത്തെ പഴയ മീൻചാപ്പയ്ക്ക് മുന്നിൽ ചക്കര, കയർ, ഉറി, തെരുവ, ചിരട്ടകയ്യിൽ, ചൂൽ, ചുണ്ണാമ്പ്, ഓലക്കുട്ടകൾ, പച്ചക്കറികൾ എന്നിവ വിൽക്കാൻ നാട്ടുമ്പുറത്തെ സ്ത്രീകൾ നിരന്നുനിൽക്കുന്ന കാഴ്ച ഈ ഗ്രാമത്തിന്റെ യഥാർത്ഥ ഹൃദയതുടിപ്പായിരുന്നു.