സ്ഥാപന ചരിത്രം
അഴിയൂർ ഗ്രാമപഞ്ചായത്ത്
ഭൂമിശാസ്ത്രവും ചരിത്രവും
ഭൂമിശാസ്ത്രപരമായ അതിരുകളും സവിശേഷതകളും
വടക്ക് പുതുശ്ശേരി സംസ്ഥാനത്തില്‍പ്പെട്ട മയ്യഴിയും മയ്യഴിപുഴയും, തെക്ക് ഒഞ്ചിയം ഏറാമല ഗ്രാമ പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലും മയ്യഴി മുന്‍സിപാലിറ്റിയും കിഴക്ക് മയ്യഴി പുഴയും ഏറാമല പഞ്ചായത്തും അതിരുകളായ അഴിയൂര്‍ ഒരു കടലോര ഗ്രാമ പഞ്ചായത്താണ്. അഞ്ചു കിലോമീറ്ററോളം കടലോര പ്രദേശമുള്ള ഈ പഞ്ചായത്തില്‍ കാപ്പുഴ മുതല്‍ വടക്ക് പൂഴിത്തല വരെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളാണ്.
നെയ്തൽ സംസ്കൃതിയും പ്രകൃതി കവചവും
കാപ്പുഴക്ക് തെക്ക് ഭാഗം കടലിന് സമാന്തരമായി പാറക്കൂട്ടങ്ങൾ ഉള്ളതിനാൽ കാലവർഷാവസരങ്ങളിൽ തരതമ്യേന തിരമാലകൾക്ക് ശക്തി കുറവാണ്. ഈ അനുകൂല സാഹചര്യമാണ് ഇവിടെ മത്സ്യ ബന്ധന തുറമുഖം തുടങ്ങാൻ സഹായകമായത്. അഴിയൂരിന്റെ തെക്ക് ഭാഗത്തുള്ള കറപ്പകുന്ന്, ബംഗ്ലക്കുന്നു, പാതിരകുന്ന് എന്നിവയും ഏറാമല പഞ്ചായത്തിലെ കളരികുന്നും ഒഞ്ചിയം പഞ്ചായത്തിലെ കൈതോൽ കുന്നും സൃഷ്ടിക്കുന്ന കവചം സുനാമി പോലുള്ള ഭീഷണികളിൽ നിന്ന് അഴിയൂരിന്റെ തെക്കൻ പ്രദേശങ്ങളെ സംരക്ഷിക്കുന്നു.
വിദേശ സ്വാധീനവും അധിനിവേശ ചെറുത്തുനിൽപ്പും
കച്ചവടത്തിന് വേണ്ടി എത്തിയ ചൈനക്കാരും അറബികളും കൂടെക്കൊണ്ടുവന്ന സാംസ്ക്കാരിക ചിഹ്നങ്ങളും അറിവുകളും അഴിയൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ചരിത്രഭാഗമാണ്. അധിനിവേശ താല്പര്യങ്ങളുമായി എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസുകാരും തുടര്‍ന്ന് എത്തിയ ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും അവര്‍ പരസ്പരവും, നാട്ടുരാജാക്കന്മാര്ക്കെതിരായും നടത്തിയ കരുനീക്കങ്ങള്‍ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലയെ വിവിധതരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
പുതുതായി പരിചയപ്പെടുത്തിയ ആയുധങ്ങളും ആയോധനവിദ്യകളും, ഷെയ്ക്ക് സൈനുദ്ദീന്‍ മഖ്ദുവിന്റെ ആത്മീയ പരിരക്ഷയോടെ കുഞ്ഞാലിമരയ്ക്കാര്‍മാര്‍ സാമൂതിരിയുടെ നാവികസൈന്യാധിപന്മാര്‍ എന്ന നിലയിലും, സ്വന്തം നിലയിലും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഒരു നൂറ്റാണ്ടുകാലം നടത്തിയ ചെറുത്തുനില്‍പ്പും ചരിത്രത്തിന്റെ ഭാഗമായിമാറി. ഇംഗ്ലീഷുകാര്‍ക്കെതിരെ ഫ്രഞ്ചുകാരുമായും നാട്ടുരാജാക്കന്മാരുമായും ഉടമ്പടികളിലേര്പ്പെട്ടുകൊണ്ടും അല്ലാതെയും ഹൈദരാലിയും മകന് ടിപ്പുസുല്‍ത്താനും നടത്തിയ പടയോട്ടങ്ങള്‍, ഇംഗ്ലീഷുകാര്‍ക്കെതിരെ ഒളിപ്പോര് യുദ്ധത്തിലൂടെ ചെറുത്തുനിന്ന പഴശ്ശിരാജാവിന്റെ പരിശ്രമങ്ങള്‍ എന്നിവയുടെയെല്ലാം ഫലങ്ങള്‍ ഏറിയും കുറഞ്ഞും ഈ പ്രദേശത്തും അനുഭവപ്പെട്ടു.
ദേശവാഴി ഭരണവും നാട്ടുക്കൂട്ടങ്ങളും
ഈ പ്രദേശത്തെ ചരിത്രവുമായി ബന്ധപ്പെട്ടവരാണ് കണ്ണംവള്ളി നമ്പൂതിരി, തണ്ട്റപ്പള്ളി കുറുപ്പ്, പോര്‍ളാതിരി രാജവംശം, പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍, മൈസൂര്‍ രാജാക്കന്മാര് എന്നിവര്‍. ചേരസാമ്രാജ്യത്തിന്റെ പതനശേഷം അഴിയൂര്‍ പ്രദേശം കോലത്തിരിയുടെ ഭരണത്തിന് കീഴിലായിരുന്നു. 15-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കോലത്തിരി രാജാവിന്റെ കീഴില്‍ ദേശവാഴികളും അവരുടെ കീഴില്‍ തറക്കൂട്ടങ്ങളും എന്ന രീതിയില്‍ വിഭജിച്ചുകൊണ്ടുള്ള ഒരു ഭരണസംവിധാനം നിലവിലുണ്ടായിരുന്നു. എന്നാൽ 18-ാം നൂറ്റാണ്ടിൽ കോലത്തിരിയുടെ സാമന്തരായി തെക്ക് ഇളംകൂർ കടത്തനാട് പോർളാതിരി രാജവംശം സ്ഥാപിച്ചതോടുകൂടി അഴിയൂർ ദേശം കടത്തനാടു വാഴുന്നവരുടെ കീഴിലായി.
കോലത്തിരിയുടെയും സാമൂതിരിയുടെയും ഇടയിലുള്ള കടത്തുവഴി നാടാണ് പിന്നീട് കടത്തനാടായത്. കടത്തനാടിന് 'ഘടോൽ ഘജക്ഷി' എന്നും പുരാണങ്ങളിൽ പറഞ്ഞുവരുന്നുണ്ട്. ഇതിൽ കണ്ണംവള്ളി നമ്പൂതിരി എന്ന ദേശവാഴിയുടെ ആധിപത്യത്തിൽ ആയിരുന്നു അഴിയൂരിന്റെ ഭരണം. ഈ ദേശവാഴി ഭരണസൌകര്യത്തിനായി നിരവധി തറക്കൂട്ടങ്ങൾ രൂപീകരിച്ച് അതത് തറക്കൂട്ടങ്ങളുടെ ഭരണച്ചുമതല അദ്ദേഹം ഓരോരുത്തരെയും ഏല്പിച്ചിരുന്നു. ഓരോ തറക്കൂട്ടങ്ങളുടെയും നിയന്ത്രണാധികാരം അതത് പ്രദേശത്തെ അംഗീകരിക്കപ്പെട്ട തറവാട്ടുകാർക്കായിരുന്നു.
വ്യത്യസ്ത തറക്കൂട്ടങ്ങളില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്പ്പിക്കാന് ദേശവാഴിയുടെ കീഴില്‍ നാട്ടുക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. അഴിയൂര്‍ ശ്രീപരദേവത ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിന് പുറത്ത് ഒരു പ്രത്യേക തറയില്‍ നാടുവാഴിയുടെ പ്രതിനിധിയായി അഴിയൂര്‍ പാഠാളിയും, നായര്‍ സമുദായത്തിന്റെ പ്രതിനിധിയായി ചാലിയാടന്‍ കുറുപ്പും, തീയ്യ സമുദായത്തിന്റെ പ്രതിനിധിയായി കാരായി തറവാട്ടിലെ കാരണവരും, മുസ്ളീം സമുദായത്തിന്റെ പ്രതിനിധിയായി കരകെട്ടി തറവാട്ടിലെ കാരണവരും ഒത്തുചേര്‍ന്നുള്ള നാട്ടുകൂട്ടം സമ്മേളിച്ചിരുന്നു.
ബഞ്ച് മജിസ്ട്രേറ്റും പാറവക്കീലും
പില്ക്കാലത്ത് ഈ നാട്ടുകൂട്ടത്തിന്റെ നീതിന്യായചുമതല പഞ്ചായത്ത് എന്ന് പറയുന്ന ഒരു സമിതിക്കായിരുന്നു. ഈ പഞ്ചായത്തിന്റെ തലവനെ ബഞ്ച് മജിസ്ട്രേട്ട് എന്നു വിളിച്ചു വന്നിരുന്നു. വ്യവഹാര കാര്യങ്ങളില്‍ ഇന്നത്തെ പോലെ തന്നെ കക്ഷികള്‍ക്ക് വേണ്ടി വാദപ്രതിവാദം നടത്താന്‍ ചില പ്രത്യേക വ്യക്തികള്‍ ഉണ്ടായിരുന്നു. ഇവരെ പാറവക്കീല്‍ എന്നുവിളിച്ചുവന്നിരുന്നു. അഴിയൂരിലെ അവസാനത്തെ ബഞ്ച് മജിസ്ട്രേറ്റുമാര്‍ മരുന്നറക്കല്‍ ചോയിയും അദ്ദേഹത്തിന്റെ മകന് മരുന്നറക്കല്‍ നാരായണന് എന്ന ആളുമായിരുന്നു. ഈ കോടതി സമ്മേളിച്ചിരുന്നത് മരുന്നറക്കല്‍ തറവാട്ടില്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.
അഴിയൂര്‍ ഉള്‍പ്പെടുന്ന കടത്തനാട് വാഴുന്നവരുടെ ആസ്ഥാനം കുറ്റിപ്പുറത്തായിരുന്നു (ഇന്നത്തെ കല്ലാച്ചി പ്രദേശത്തിന് സമീപം). മയ്യഴി അന്ന് കടത്തനാട് വാഴുന്നവരുടെ അധീനതയിലുള്ള അഴിയൂരിന്റെ ഭാഗമായിരുന്നു. അന്നത്തെ കടത്തനാട് രാജവംശത്തിന്റെ ഓര്‍മ്മക്കായി ഇന്ന് അഴിയൂരില്‍ കണ്ടെത്താന്‍ കഴിയുന്ന സ്ഥാപനങ്ങളാണ് പുരാതനമായ അഴിയൂര്‍ ശ്രീപരദേവതാക്ഷേത്രവും, റെയില്‍പാതക്ക് പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന അഴിയൂര്ക്ഷേത്രചിറയും, അതിന്റെ കരയിലുള്ള ഊട്ടുപുരയും. അഴിയൂരിന്റെ പ്രാക്ചരിത്രത്തിന്റെ മൂകസാക്ഷിയായി ചിറയുടെ കരയില്‍ തെക്ക് കിഴക്ക് ഭാഗത്തായി ആല്‍ത്തറയും ആല്‍മരവും ഇന്നും പരിലസിക്കുന്നു.
സ്വാതന്ത്ര്യ സമരവും മാഹി വിമോചനവും
കണ്ണെത്താത്ത ദൂരത്ത് വിശാലമായ മണല്‍പ്പരപ്പ് അതിന്റെ പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യത്തിലായി കുഞ്ഞിപ്പള്ളി, പള്ളിയുടെ തെക്ക് ഭാഗത്ത് ഏതാണ്ട് ഇരുനൂറ് മീറ്റര്‍ അകലെ ജൌബാലിലെ (ചോമ്പാലിലെ) മാളികപള്ളി എന്ന വലിയപള്ളി (മാനൂപ്പള്ളി), ഈ വലിയ പള്ളിയുടെ അടുത്തായുള്ള ചെറിയ പള്ളിയാണ് ഇന്നത്തെ കുഞ്ഞിപ്പള്ളി. 1942-ല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ക്വിറ്റിന്ത്യാസമരം ആരംഭിച്ചപ്പോള്‍ മലബാറില്‍ സമരശംഖനാദം ആദ്യം മുഴക്കിയത് അഴിയൂരിലെ ചോമ്പാലിലാണ്.
മാഹി വിമോചനസമരത്തിന് അഴിയൂര്‍ എന്നും താങ്ങും തണലുമായിരുന്നിട്ടുണ്ട്. 1948-ലെ മാഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഫ്രഞ്ചുകാര്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ദേശീയവാദികള്‍ക്ക് ഫ്രഞ്ച് അധികാരികൾ വോട്ടവകാശത്തിനുള്ള കത്ത് (കാര്‍ഡ്) നല്‍കിയില്ല. സമരം ചെയ്ത മയ്യഴിയിലെ ദേശീയവാദികള്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ ജീവപര്യന്തം കഠിന തടവ് അടക്കമുള്ള ശിക്ഷ പ്രഖ്യാപിച്ചതോടെ, അവരില്‍ പലരും അഴിയൂരില്‍ അഭയം തേടി.
1954 ജൂലായ് 16-ന് വെള്ളിയാഴ്ച മയ്യഴിയിലെ ദേശീയവാദികളായ അഭയാര്‍ത്ഥികള്‍ ഐ.കെ.കുമാരന് മാസ്റ്ററുടെ നേതൃത്വത്തില്‍ മയ്യഴിപാലം വഴി മാഹിയില്‍ പ്രവേശിച്ചു. തുടർന്ന് ഫ്രഞ്ചുകാർ കീഴടങ്ങാൻ തീരുമാനിക്കുകയും അവസാനത്തെ ഫ്രഞ്ച് ഭരണാധികാരിയായിരുന്ന മൂപ്പൻസായിപ്പ് (മുസിയെ ദെഷം) ഫ്രഞ്ച് കപ്പലിൽ മടങ്ങുകയും ചെയ്തു. സ്വതന്ത്ര മയ്യഴിയുടെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി മയ്യഴി വിമോചനസമരനായകന്‍ ഐ.കെ.കുമാരന് മാസ്റ്റര്‍ അവരോധിതനായി.
ചരിത്ര സ്മരണകൾ
- ന്യൂമാഹി: മാഹി വിമോചനത്തിനായി 1954 ജൂലായ് 16-ന് മയ്യഴിയിലേക്ക് തിരിച്ച ജാഥ ആരംഭിച്ച കല്ലായി (കല്ലഴി) പ്രദേശത്തിന്, മാഹി വിമോചനത്തിനുള്ള പശ്ചാത്തലം ഒരുക്കിയ സ്മരണയ്ക്കായി 'ന്യൂമാഹി' എന്ന് പേരുവന്നു.
- കെ. കുഞ്ഞിരാമക്കുറുപ്പ്: കടത്തനാട്ടെ പ്രശസ്തമായ നായര്‍ തറവാടായിരുന്നു കുന്നുമ്മല്‍ തറവാട്. ഈ തറവാട്ടിലെ പിന്തലമുറക്കാരനായ കെ. കുഞ്ഞിരാമക്കുറുപ്പ് നെല്ലാച്ചേരിയിലാണ് ജനിച്ചത്. ഏറാമലയും അഴിയൂരും പ്രവര്‍ത്തന മണ്ഡലമായി സ്വീകരിച്ച കുറുപ്പ് അഴിയൂരിലെ കല്ലാമലയിലായിരുന്നു ജീവിച്ചതും അന്തരിച്ചതും.