2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പരാതി പരിഹാര സംവിധനാനങ്ങള്‍

📋 പൊതുജന പരാതി പരിഹാര സംവിധാനങ്ങൾ

💻 കെ-സ്മാർട്ട് (K-SMART) ഓൺലൈൻ പോർട്ടൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങളെ ഏകീകരിക്കുന്ന ഒരു സംവിധാനമാണിത്. പൊതുജനങ്ങൾക്ക് പരാതികളും ആക്ഷേപങ്ങളും ഈ ഓൺലൈൻ സംവിധാനം വഴി സമർപ്പിക്കാൻ അവസരമുണ്ട്.

📖 കൂടുതൽ വിവരങ്ങൾ ➜ 

🏛️ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥന്മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും സ്ഥലംമാറ്റപ്പെട്ടതുമായ ഉദ്യോഗസ്ഥന്മാരും ഭരണപരമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ നിയമാനുസൃതം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ചുമതല.

📌 പരാതി സമർപ്പിക്കേണ്ട വിധം: പരാതികൾ ഏതൊരു വ്യക്തിക്കും ഇടനിലക്കാരന്റെ സഹായമില്ലാതെ ഓംബുഡ്‌സ്മാൻ സെക്രട്ടറിക്കു മുമ്പാകെ നേരിട്ടോ, രജിസ്റ്റേഡ്/സാധാരണ തപാൽ വഴിയോ നൽകാവുന്നതാണ്. വെള്ളക്കടലാസിൽ എഴുതിയ പരാതിയൊടൊപ്പം ശരിയായി പൂരിപ്പിച്ച ഫോറം 'എ' (പത്തുരൂപയുടെ കോർട്ടഫീ സ്റ്റാമ്പ് ഒട്ടിച്ചത്), പരാതിയുടെ പകര്‍പ്പുകള്‍ (എതിര്‍ കക്ഷികളുടെ എണ്ണം + രണ്ട്) എന്നിവയും സമർപ്പിക്കണം.

📍 സിറ്റിങ്ങ് കേന്ദ്രങ്ങൾ: തിരുവനന്തപുരം ഓഫീസ്, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ ആസ്ഥാനങ്ങൾ. മറ്റ് യാതൊരു വിധ ഫീസുകളും ഈടാക്കുന്നതല്ല. കേസുമായി ബന്ധപ്പെട്ട വ്യക്തിക്ക് അഭിഭാഷകന്റെ സഹായമില്ലാതെ നേരിട്ട് ഹാജരാകാം.

📖 കൂടുതൽ വിവരങ്ങൾ ➜ 

⚖️ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ, റിവിഷൻ എന്നിവ പരിഗണിക്കുകയും തീർപ്പ് കൽപ്പിക്കുകയുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടി നിയമിച്ചിട്ടുള്ള ട്രൈബ്യൂണലിൻ്റെ ചുമതല. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നീതിന്യായ ഉദ്യോഗസ്ഥനാണ് ട്രൈബ്യൂണലായി നിയമിക്കപ്പെടുന്നത്.

⏱️ സമയപരിധിയും ഫീസും:

  • തീരുമാനം വന്ന തീയതി മുതൽ 30 ദിവസത്തിനകം ഫോറം സിയിൽ നൽകണം (അനുവാദത്തോടെ 1 മാസം വരെ കാലതാമസം അനുവദിക്കും).
  • തീരുമാനമാകാത്ത സംഗതികളിൽ 60 ദിവസത്തിന് ശേഷം, 90 ദിവസത്തിനകം ഹർജി നൽകാം.
  • ഹർജിയോടൊപ്പം 50 രൂപ ഫീസ് (ഓഫീസിലോ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന ഡി.ഡി ആയോ) ഒടുക്കണം.
  • 100 രൂപയുടെ ലീഗൽ ബെനിഫിറ്റ് ഫണ്ട് സ്റ്റാമ്പ് ഹർജിയിൽ പതിക്കേണ്ടതുമാണ്.
🏢 മേൽവിലാസം:
സെക്രട്ടറി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ, ശ്രീമൂലം ബിൽഡിംഗ്സ്, കോർട്ട് കോംപ്ലക്‌സ്, വഞ്ചിയൂർ, തിരുവനന്തപുരം.

🖥️ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

കേരള മുഖ്യമന്ത്രി ഓഫീസ് (CMO) പോർട്ടൽ ഒരു പൊതുജന പരാതിപരിഹാര സംവിധാനമാണ്. വെബ്‌സൈറ്റിൽ പരാതികൾ സമർപ്പിക്കുക, അവയുടെ നില പരിശോധിക്കുക, ചാർജ് ഓഫീസർമാരെ കണ്ടെത്തുക തുടങ്ങിയ ഓപ്ഷനുകൾ ഇതിലുണ്ട്. കൂടാതെ സംസ്ഥാന സേവനങ്ങൾ, ദുരിതാശ്വാസ നിധി റിപ്പോർട്ടുകൾ എന്നിവയ്ക്കുള്ള ഡാഷ്ബോർഡുകളും ഇതിൽ ലഭ്യമാണ്.

📖 കൂടുതൽ വിവരങ്ങൾ ➜ 

📞 തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയുടെ പരാതി പരിഹാര സംവിധാനം

തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളിലെ വിവിധ തലത്തിലുള്ള ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഓൺലൈൻ പരാതി പരിഹാര പോർട്ടൽ വഴി പരാതികൾ നേരിട്ട് മന്ത്രിക്ക് സമർപ്പിക്കാം. പരാതികളിലെ ഓരോ നീക്കവും പരാതിക്കാരന് SMS മുഖേന തത്സമയം ലഭിക്കുന്നതായിരിക്കും.

📖 കൂടുതൽ വിവരങ്ങൾ ➜ 

📞 പൊതുജന പരാതി പരിഹാര സെൽ (Public Grievance Cell - LSGD)

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പൊതുജന പരാതി പരിഹാര സെൽ മുഖേന പരാതികൾ സമർപ്പിക്കാം. സേവനങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, അഴിമതി, മാലിന്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ വേഗത്തിൽ അറിയിക്കാൻ താഴെ പറയുന്ന പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്:

സേവനങ്ങളുടെ കാലതാമസവും അഴിമതിയും: 8078 066 060
മാലിന്യ മുക്ത നവകേരളം: 9446 700 800

🔎 വിജിലൻസ് വിംഗ് (LSGD Vigilance)

സംസ്ഥാനത്തുടനീളമുള്ള അനധികൃത/ചട്ടവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾ, ബന്ധപ്പെട്ട ഫയലുകളിലെ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങളും പരാതികളും സെക്രട്ടറിയേറ്റിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന തസ്വഭവ വിജിലൻസ് വിംഗ് പരിശോധനവിധേയമാക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

📖 കൂടുതൽ വിവരങ്ങൾ ➜ 

🔎 പൊതുജന സഹായ പോർട്ടൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന പൊതുജന സേവനങ്ങൾ ലഭിക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള സമയപരിധിയിൽ കൂടുതൽ വൈകുന്ന അവസരങ്ങളിലും, സേവനം പൂർത്തിയാകുന്നതിനു തടസ്സങ്ങൾ നേരിടുന്ന അവസരങ്ങളിലും പ്രശ്ന പരിഹാരത്തിന് ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്ഥിര അദാലത്ത് സമിതി സംവിധാനം രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തീരുമാനിക്കുകയുണ്ടായി.

പ്രാഥമിക ഘട്ടത്തിൽ ബിൽഡിംഗ് പെർമിറ്റ്, കെട്ടിട നമ്പർ, ലൈസൻസ് എന്നീ സേവനങ്ങൾ സംബന്ധിച്ചുള്ള പരാതികളായിരിക്കും സ്ഥിര അദാലത്ത് സമിതികൾ പരിഗണിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനങ്ങൾക്കായി അപേക്ഷ നൽകിയ ശേഷം അവ ലഭിക്കാൻ തടസ്സം / താമസം എന്നിവ നേരിടുന്നവർക്ക് അദാലത്തിലേക്ക് പരാതി സമർപ്പിക്കാനും, പരാതികളുടെ തുടർ നടപടികളുടെ നിർവ്വഹണത്തിനുമാണ് സ്ഥിര അദാലത്ത് പോർട്ടൽ.

📖 കൂടുതൽ വിവരങ്ങൾ ➜